കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വധു ജോയ്സനയുടെ കുടുംബത്തിന്‍റെ ആരോപണം ന്യായമെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ജോയ്സനയുടെ കുടുംബത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ജോയ്സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട്. കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.
വിവാഹത്തെ കുറിച്ച് ഷെജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. യുവതിയുടെ കുടുംബത്തിനൊപ്പം പാര്‍ട്ടി നിന്നില്ല. വിവാഹത്തിന് ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവര്‍ക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങള്‍ക്കും ആശങ്കയുണ്ട്. ജോയ്സനയുടെ വിഷയത്തില്‍ ദുരൂഹത മറനീക്കണം. അല്ലാതെ നിസ്സഹായരായ കുടുംബത്തെ മതേതരത്വത്തിന്‍റെ പേര് പറഞ്ഞ് ഭയപ്പെടുത്തകയല്ല വേണ്ടതെന്നും മുഖപ്രസംഗം പറയുന്നു.
മുന്‍ മന്ത്രി കെ.ടി ജലീലിനെയും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്. ചില മിശ്രവിവാഹങ്ങള്‍ മാത്രം എന്തുകൊണ്ട് ചര്‍ച്ചയാവുന്നുവെന്ന് ജലീല്‍ ചിന്തിക്കണമെന്നും മുഖപ്രസംഗം പറയുന്നു.
കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകള്‍ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത്. ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങള്‍ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേര്‍ക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകള്‍ക്കും സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം ചോദിക്കുന്നു.