നടിയെ അക്രമിച്ച കേസിൽ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.
2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി.