നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ അന്വേഷണസംഘം നിർത്തിവെക്കും. അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഈ ഹർജിയിൽ ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടർനടപടികൾ തൽക്കാലത്തേക്കെങ്കിലും നിർത്തിവയ്ക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. എന്നാൽ കോടതിയെ കൂടി ബഹുമാനത്തിൽ എടുത്തു കൊണ്ട് മുന്നോട്ടു പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. ഹൈക്കോടതി സമയം നീട്ടി നൽകിയ ശേഷം കാവ്യക്ക് പുതിയ നോട്ടീസ് നൽകാനാണ് ആലോചന.