നടിയെ അക്രമിച്ച കേസ്; സായ് ശങ്കറിന്‍റെ പക്കൽ നിന്നും അഭിഭാഷകർ വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ പിടിച്ചെടുക്കും

നടിയെ അക്രമിച്ച കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്‍റെ പക്കൽ നിന്ന് അഭിഭാഷകർ വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ പിടിച്ചെടുക്കാൻ നീക്കം. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്‍റെ അഭിഭാഷകർ തന്‍റെ പക്കൽ നിന്ന് വാങ്ങിവെച്ചെന്നാണ് സായ് ശങ്കറിന്‍റെ മൊഴി. തുടരന്വേഷണത്തിന്‍റെ ഭാഗമായി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ഇന്ന് ചോദ്യംചെയ്യുന്നത് നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ്. ദിലീപിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പരാതിയിൽ വിചാരണ കോടതിയാണ് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചത്. അതേസമയം, കാവ്യ മാധവനെ ചോദ്യംചെയ്യുന്ന കാര്യത്തിൽ ഇന്ന് അന്വേഷണ സംഘം വ്യക്തത വരുത്തും. കാവ്യയുടെ ആവശ്യ പ്രകാരം വീട്ടിൽ ചോദ്യംചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാൽ മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടന്ന് കാവ്യയും മറുപടി നൽകിയിട്ടുണ്ട്.