ഇടത് ജനാധിപത്യ ബദൽ രാജ്യത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അങ്കൺവാടി ജീവനക്കാരും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് യെച്ചൂരി പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അത് നേതൃതലത്തിൽ നടത്തേണ്ടതല്ല. ജനങ്ങൾക്കിടയിൽ താഴേത്തട്ടിൽ നടക്കേണ്ടതാണ്. ജനങ്ങളുടെ പ്രയാസങ്ങൾ ഉന്നയിച്ച് അവരെ അണിനിരത്തി പ്രതിഷേധങ്ങൾ നടത്തിയാണ് പാർട്ടിയെ ശക്തിപ്പെടുത്തുക. ഇതിലൂടെയാണ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഹിന്ദി ഭാഷാ സ്വാധീന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കും. ഹിന്ദുത്വ വർഗീയ അജണ്ടയെ പ്രതിരോധിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിയെടുക്കേണ്ടെതുണ്ടെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് മതേതര സമൂഹം ഒന്നിക്കേണ്ടതുണ്ട്. ഹിന്ദുത്വ വർഗീയതക്കെതിരെ രാജ്യം ഒന്നിയ്ക്കണം. ഇടതു ജനാധിപത്യ ബദൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് മാത്രം നടക്കുന്നതല്ല. ഹിജാബും, മാംസം കഴിയ്ക്കുന്നതുമൊക്കെയാണ് ബി ജെ പിയ്ക്ക് പ്രശ്നം. ഇതാണ് പാർട്ടി കോൺഗ്രസിൽ ചർച്ചയായതും. തൊഴിലില്ലായ്മയും, ദാരിദ്ര്യവുമൊന്നും അവർക്ക് പ്രശ്നമില്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പാർട്ടി ശ്രമിക്കും. പാർട്ടി കോൺഗ്രസിൽ ആ തീരുമാനം ഉണ്ടായെന്നും യെച്ചൂരി പറഞ്ഞു.