സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് പൊളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ്. സിൽവർ ലൈൻ വേഗത്തിൽ യാത്ര ചെയ്യാനുള്ള പദ്ധതി ആണ്. കേരളത്തിന്റെ വികസനത്തിന് സഹായകരമായ പദ്ധതിയാകും സിൽവർ ലൈൻ. പാരിസ്ഥിതിക ആഘാതം മറികടക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. മുറിക്കുന്ന മരങ്ങൾക്ക് പകരം മരം നട്ടുപിടിപ്പിക്കും. നന്ദീ ഗ്രാമിന് സമാനമെന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണ്. നന്ദീ ഗ്രാമിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പിബി അംഗം ബിമൻ ബോസ് പറഞ്ഞു. കേരള മോഡൽ വികസനം രാജ്യത്തിന് മാതൃകയാണ്. ഭക്ഷണവും വസ്ത്രവും തിരഞ്ഞെടുക്കാനുള്ള അവകാശം ഹനിക്കുന്ന രാജ്യത്ത് കേരളം വേറിട്ടു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം മുന്നിലാണെന്നും ബിമൻ ബോസ് പറഞ്ഞു. താൻ ഇനി പാർട്ടി പദവികളിലുണ്ടാവില്ല. ഒഴിയാൻ ഉള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പുതിയ തലമുറയാണ് ഇനി വരേണ്ടത്. പശ്ചിമ ബംഗാളിലെ പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടി തിരിച്ചു വരുമെന്നും ബിമൻ ബോസ് കൂട്ടിച്ചേർത്തു.