മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് പുറത്താക്കിയാൽ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു. സ്റ്റാലിനെ പ്രശംസിച്ചു എന്ന വാർത്തകൾ ശരിയല്ല. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിൻ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോൺഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവർ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ.