സിപിഐഎം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി ഡി സതീശൻ

കെ വി തോമസ് കോൺഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല. സിപിഐഎമ്മുമായി കൈകൊടുക്കാനില്ല, സിപിഐഎം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെ വി തോമസ് എന്റെ ഗുരുനാഥൻ കൂടിയാണ്, അദ്ദേഹം പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയ്‌മിൽ നിൽക്കുന്നയാളാണ്. കേരളത്തിലെ പാർട്ടിയോ, ദേശീയ തലങ്ങളിലെ പാർട്ടിയോ ഒരു തീരുമാനമെടുത്താൽ അദ്ദേഹം അതിൽ ഉറച്ച് നിൽക്കും. അദ്ദേഹം കോൺഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല. അദ്ദേഹം ഏത് സ്ഥാനത്തേക്കും വരാൻ അർഹനായ ഒരാളാണ്. ഏത് ഉത്തരവാദിത്തം കൊടുത്താലും അദ്ദേഹം അത് ഭംഗിയായി ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. നിത്യ ചെലവിന് പണമില്ലാത്ത അവസ്ഥയിലാണ് കെ-റെയിൽ കൊണ്ട് വരുന്നത്. സംഘ പരിവാറുമായി ഇടനിലക്കാരെ വച്ച് ചർച്ച ചെയ്യുകയാണ്. വലിയ കൊടുക്കൽ വാങ്ങൽ ബി.ജെ.പിയുമായുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.