കേരളത്തിനുള്ള മണ്ണെണ്ണ ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

മണ്ണെണ്ണ വിലവര്‍ധന സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡിയിലുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞുവെന്ന് ഭക്ഷ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായും മന്ത്രി ജി ആര്‍ അനില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തില്‍ കൂടുതല്‍ ജയ അരി ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.