വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസിയെ സമീപിക്കാനൊരുങ്ങി ഐഎന്‍ടിയുസി

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടനയ്ക്കുള്ളില്‍ പ്രശ്നം തുടരുന്നു. ഐഎന്‍ടിയുസി നേതാക്കളെ വി ഡി സതീശന്‍ ആശയക്കുഴപ്പത്തിലാക്കിയെന്ന അഭിപ്രായമാണ് ഐഎന്‍ടിയുസി ജില്ലാ നേതൃത്വത്തിനുള്ളത്. വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി കെപിസിസിയെ സമീപിക്കും. പാര്‍ട്ടി നിലപാട് പറയണമെന്ന ആവശ്യമാണ് ഐഎന്‍ടിയുസി ഉയര്‍ത്തുക. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ഐഎന്‍ടിയുസി ജില്ലാ നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നാണ് ഐഎന്‍ടിയുസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഐഎന്‍ടിയുസി പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധം സ്വാഭാവികമാണെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.