സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്, മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കരുതെന്നും വിഡി സതീശൻ

സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ ദില്ലിയിൽ പൊലീസ് മർദ്ദനമേറ്റ എംപിമാരെ പരിഹസിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് നിയമസഭയിലെ സംഘർഷങ്ങൾ പരാമർശിച്ചുകൊണ്ട് വിഡി സതീശൻ പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാൻ. സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്. വിദ്രോഹ കൂട്ടുകെട്ടിൽ എൻ ഇ ബാലാറാമിന്റെ മക്കളും സി അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും ചോദിച്ചു. സിൽവർ ലൈൻ അലൈൻമെന്റ് മാറ്റത്തിലൂടെ പല വമ്പന്മാർക്കും ഇളവ് കിട്ടിയെന്നും ഇതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും സതീശൻ പറഞ്ഞു. കെ റെയിലിൽ ബിജെപിക്കും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സർക്കാർ തീരുമാനം. അതുകൊണ്ടാണ് സർവേ നിർത്തിയത്. ഇത് താത്കാലികമായുള്ള പിൻവാങ്ങലാണ്. പൂർണമായും ഇതിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.