കെ റെയിലിനെതിരായ സമരത്തിൽ ജനങ്ങളല്ല തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. കോൺഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോൾ. മുസ്ലീം ലീഗിന്റെ തണലിൽ വളരുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ഗതികെട്ട പാർട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്‌ബിയെ എതിർത്ത കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്‌ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കെ റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോൺഗ്രസ് നേതാക്കളായിരിക്കുമെന്നും കോൺഗ്രസുകാർ വരാത്ത കാരണം കൊണ്ട് പാർട്ടി കോൺഗ്രസ് തകർന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാൻ പറയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.