നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യംചെയ്യും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നൽകും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന കാര്യം വ്യക്തമല്ല. രണ്ട് മാസം മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. മറ്റ് തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യംചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.