കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും ഭീഷണിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു. സുധാകരനെതിരായ നികൃഷ്ട ജീവി പരാമര്‍ശം ഉള്‍പ്പെടെ കടുത്ത വിമര്‍ശനം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് സി വി വര്‍ഗീസ് വീണ്ടും വിവാദ പ്രസംഗം നടത്തുന്നത്.
അതിവേഗ റെയിലിനായുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെറിയുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് വച്ച് നടന്ന ഒരു പാര്‍ട്ടി പരിപാടിയിലാണ് കെ സുധാകരനെതിരായ പുതിയ പരാമര്‍ശങ്ങള്‍.
സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് മുന്‍പ് സി വി വര്‍ഗീസ് പറഞ്ഞിരുന്നു. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സി വി വര്‍ഗീസ് പ്രസംഗിച്ചത് വിവാദമാകുകയായിരുന്നു. സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയിരുന്നു.