എസ് പി യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ തെറ്റാണെന്നും പൊറുക്കണമെന്നും പോലീസ്

കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും പൊലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് പൊലീസിന്റെ ക്ഷമാപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.

രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദീര്‍ഹമായിരുന്നു. എന്നാല്‍, നിയമ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്നതും അവരെ അക്രമിക്കുന്നതും അംഗീകരിക്കില്ല.

സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്നും  കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.