ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവർണർ പറഞ്ഞു. രാജ്യ പുരോഗതിയിൽ മറ്റ് കുട്ടികളെ പോലെ മുസ്ലിം പെൺകുട്ടികൾക്കും സംഭാവന നല്കാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. പിയു കോളജിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു. സ്ഥാപനങ്ങളിൽ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സർക്കാറിന് ഉത്തരവിറക്കാൻ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവിന്റെ പൂർണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാർ അറിയിച്ചു.