മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി

മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ത്രിതല ആരോഗ്യ പരിരരക്ഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആകെ അടങ്കല്‍ തുക 392. 64 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 91.33 കോടി അധികമാണ് .

 

കുടപ്പനക്കുന്നിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയും ജില്ലാതല റഫറല്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. വെറ്ററിനറി പോളിടെക്‌നിക് താലൂക്ക്തല യൂണിറ്റായും വെറ്ററിനറി ആശുപത്രി/ വെറ്ററിനറി ഡിസ്‌പെന്‍സറി പഞ്ചായത്തുതലത്തിലും പ്രവര്‍ത്തിക്കും. ഇതിനായി 34 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

രാത്രികാലത്തും അടിയന്തരവെറ്ററിനറി സേവനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 9.80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ കോഴിമുട്ടയുടെയും മാംസത്തിന്റെയും ഉല്‍പാദനത്തിലും ഉപഭോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ പൗള്‍ട്രി വികസന കോര്‍പറേഷന് 7.50 കോടി രൂപ അനുവദിച്ചു. സഹകരണ ക്ഷീര വിപണന ഫെഡറേഷന് നടപ്പ്
വര്‍ഷം 40.22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 32.72 കോടി രൂപ വിനിയോഗിച്ച് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ആര്‍.ഐ.ഡി.എഫ് സ്‌കീമിന്റെ സഹായത്തോടെ പാല്‍പ്പൊടി ഉല്‍പാദന കേന്ദ്രം പൂര്‍ത്തീകരിക്കും.