ധീരജ് കൊലപാതകത്തിൽ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ സുധാകരന്‍

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊലപാതകത്തിൽ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിക്കുന്നു. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു. ഡിസിസി പുനഃസംഘടന രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു. ജമ്പോ കമ്മിറ്റി ഉണ്ടാവില്ല. പിന്നിൽ നിന്ന് കുത്തി എന്നത് വി ഡി സതീശന്‍റെ ആലങ്കാരിക പ്രയോഗമാണ്. സതീശനുമായി പ്രശ്നങ്ങളില്ല. കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവില്ല. ലഭിച്ച പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്തിയെന്നും സുധാകരൻ പറഞ്ഞു.