യുക്രൈൻ റഷ്യ യുദ്ധം; 1,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍, വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് എന്നിവര്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ്. യൂറോപ്യന്‍ യൂണിയന്‍, കാനഡ എന്നിവരും സമാനമായ നടപടി സ്വീകരിക്കും. ഉപരോധം ശക്തിപ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദ്മിർ സെലന്‍സ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. നിർദേശമില്ലാതെ പുറത്തിറങ്ങരുതെന്ന് എംബസി പറഞ്ഞു. 1,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ അറിയിച്ചു. അതേസമയം റഷ്യ ഔദ്യോഗികമായി ഇതുവരെ മരണനിരക്ക് പുറത്തുവിട്ടിട്ടില്ല. 25 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ അറിയിച്ചു. 102 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യകക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. കീവിനു പുറത്തുള്ള ഹോസ്‌റ്റോമല്‍ വിമാനത്താവളം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. ഒഡേസയ്ക്കു സമീപം റഷ്യന്‍ യുദ്ധക്കപ്പലുകള്‍ മോല്‍ഡോവയുടെ കെമിക്കല്‍ ടാങ്കറും പാനമയുടെ ചരക്കുകപ്പലും ആക്രമിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു.