ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരം. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ കാക്കനാട് ഫ്ളാറ്റ് വാടകക്കെടുത്തത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേന. കോലഞ്ചേരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ദേഹത്താകമാനമുള്ള പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പക്ഷേ ഇത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടര്‍മാരോടും പൊലീസിനോടും കുട്ടിയുടെ അമ്മൂമ്മയും അമ്മയും ആവര്‍ത്തിക്കുന്നതും. ഇതിനിടെയാണ് ഇവര്‍ക്കൊപ്പം താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ സഹോദരിയുടെയും പങ്കാളിയുടേയും നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നത്. രണ്ട് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഞായറാഴ്ച രാത്രി മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്ളാറ്റില്‍ നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി എട്ടരയോടെയാണ് അപസ്മാര ബാധിതയായ കുട്ടിയുമായി കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഫ്ളാറ്റില്‍ നിന്ന് പോകുന്നത്. ഇവര്‍ താഴെയെത്തുമ്പോള്‍ പുറത്ത് കാറുമായി ആന്റണിയും സഹോദരിയുടെ മകനുമുണ്ടായിരുന്നു. ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റി. ഇതിന് പിറകെ പുലര്‍ച്ചെ രണ്ട് മണിയോടെ ഫ്ലാറ്റിലെത്തിയ ആന്റണിയും കുട്ടിയുടെ അമ്മയുടെ സഹോദരിയും മകനും ബാഗുകളില്‍ സാധനങ്ങള്‍ നിറച്ച് ഇരുപത് മിനിറ്റിനകം മടങ്ങുന്നു. സംഭവമറിഞ്ഞ് ഫ്ളാറ്റുടമ വിളിച്ചപ്പോള്‍ താന്‍ ആശുപത്രിയിലുണ്ടെന്നാണ് ആന്റണി പറഞ്ഞത്. പക്ഷേ ആശുപത്രിയിലുള്ളത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും മാത്രമാണ്. കുറേനാളായി ഭര്ത്താക്കന്മാരില് നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്നവരാണ് ഈ സഹോദരിമാരെന്നും പരുക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയാണ് ആന്റണിയെന്നും തൃക്കാക്കര പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ കൂടിയാണ് അന്വേഷണസംഘമിപ്പോള്.