കണ്ണൂരില്‍ 2 ലോറി നിറയെ പുകയില ഉല്‍പ്പന്നങ്ങള്‍; 5 പേര്‍ പിടിയില്‍

കണ്ണൂരില്‍ 2 ലോറി നിറയെ പുകയില ഉല്‍പ്പന്നങ്ങളുമായി 5 പേര്‍ പിടിയില്‍. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും കൊണ്ട് പോകുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സി.ഐ. ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മംഗലാപുരം സ്വദേശികളായ നിഖില്‍, ദാവൂദ്, കാസര്‍ഗോഡ് സ്വദേശികളായ ജാബിര്‍, യുസഫ്, ഗിരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

10 ലക്ഷം രൂപയുടെ നിരോധിച്ച പുകയില ഉല്‍പ്പന്നകളാണ് ആദ്യം പിടികൂടിയ ലോറിയില്‍ ഉണ്ടായിരുന്നത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.എന്‍. കോളേജിന് സമീപത്ത് വെച്ചാണ് ആദ്യ ലോറി പിടികൂടിയത്. കുടുലു സ്വദേശികളായ ഉപ്പയും മകനുമായ യൂസഫ്, ജാബിര്‍ എന്നിവരാണ് വാഹനം ഓടിച്ചിരുന്നത്. തുടര്‍ന്ന്, മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു ലോറികൂടി പോലീസ് പിടികൂടുകയായിരുന്നു.

പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നു എന്ന വ്യാജേന കാലി പച്ചക്കറിപ്പെട്ടികളുടെ കൂട്ടത്തില്‍ പത്തോളം വലിയ ചക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പങ്ങളാണ് പോലീസ് താഴെ ചൊവ്വയ്ക്കു സമീപം കിഴുത്തള്ളിയില്‍ വെച്ച് പിടികൂടിയത്. രണ്ടാമത് പിടികൂടിയതും 10 ലക്ഷം രൂപ വിലവെരുമെന്നാണ് റിപ്പോര്‍ട്ട്. മംഗലാപുരത്ത് നിന്നുമുള്ള ഒരു ഏജന്റ് വഴിയാണ് ഈ രണ്ട് ലോറികളും പുകയില ഉല്‍പ്പന്നങ്ങളുമായി കേരളത്തിലേക്കെത്തിയത്. ഗിരീഷ്, നിഖില്‍, ദവൂദ് എന്നിവരെയാണ് രണ്ടാമത്തെ ലോറിയില്‍ നിന്നും പോലീസ് പിടി കൂടിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.