തലശ്ശേരിയിൽ ഹരിദാസ് കൊല്ലപ്പെട്ടതിൽ ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ

തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും, ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഐഎം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂരിൽ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഐഎം പ്രവർത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.