‘ഗവർണറെ അധിക്ഷേപിക്കുന്നു’. ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ ബിജെപി

കേരളത്തിൽ ഗവർണർ സർക്കാർ-പ്രതിപക്ഷ പരസ്യ പോര് കൂടുതൽ രൂക്ഷമാകുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഗവർണർ ഒരു പോലെ വിമർശിക്കുമ്പോൾ, ഗവർണർക്ക് ബിജെപി  ചായ്വ് കൂടുന്നുവെന്ന വിമർശനമാണ് ഭരണ- പ്രതിപക്ഷങ്ങൾ കടുപ്പിക്കുന്നത്. അതേ സമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തുണ്ട്.

കേരളത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗവര്‍ണറെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സൈബര്‍ ഗുണ്ടകളെയും എകെ ബാലനെയും എംഎം മണിയെയുമാണ് ഇതിനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തുന്നു. ഗവര്‍ണറെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് വിമര്‍ശനം നടത്താത്തതെന്നും വി മുരളീധരന്‍ ചോദിക്കുന്നു. ഗവർണറെ ആക്രമിക്കുന്നത് സിപിഎം സ്ഥിരം കലാപരിപാടിയാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും കുറ്റപ്പെടുത്തി. ഗവർണർ നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യതയാണ് നിർവഹിച്ചത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയാണ് പരാജയം സമ്മതിച്ചതെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സർക്കാറിനെ വിമർശിക്കാതെ ഗവർണർക്കെതിരെ മാത്രം നീങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.