പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ

പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് എന്ന് ജാമ്യാപേക്ഷയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ പറയുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.