ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹം ചെയ്തു. 2014ല്‍ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. തിങ്കളാഴ്ച ലാഹിരിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ലാഹിരിക്കു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ഡോ.ദീപക് നംജോഷി പറഞ്ഞു. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.