വൈദ്യുതി ബോർഡിൽ ചെയർമാൻ ബി.അശോകും സിപിഎം, സിപിഐ അനുകൂല സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടൽ മുറുകിയതോടെ പ്രശ്നപരിഹാരത്തിനു മന്ത്രി രംഗത്ത്. മന്ത്രി കെ.കൃഷ്ണൻകുട്ടി സംഘടനാ നേതാക്കളെ നാളെ ചർച്ചയ്ക്കു വിളിച്ചു. അതേസമയം അശോകിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ സംഘടനകൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണു ചെയർമാൻ ഇതു പറഞ്ഞതെന്നും മന്ത്രി പറയേണ്ടത് ചെയർമാനെക്കൊണ്ടു പറയിപ്പിച്ചതാണോ എന്നും അറിയേണ്ടതുണ്ടെന്നു മുൻമന്ത്രി എം.എം.മണി പറഞ്ഞു. മന്ത്രി കൃഷ്ണൻകുട്ടി എൽഡിഎഫിന്റെ നേതാവല്ലേ, പറയുമ്പോൾ വേണ്ടത്ര ആലോചിക്കണ്ടേ എന്നും മന്ത്രി പറഞ്ഞു.
ഭൂമി നൽകിയത് ബോർഡ് അറിയാതെയാണെന്നു ചെയർമാൻ അറിയിച്ചിരുന്നതായും രേഖകൾ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബോർഡ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത് ധന വകുപ്പിന്റെ അനുമതിയില്ലാതെയാണെന്ന വാദവും മന്ത്രി സമ്മതിച്ചു. ആരോപണങ്ങളിൽ ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് തേടിയെന്നു പറഞ്ഞ മന്ത്രി, മുഖ്യമന്ത്രി നിർദേശിച്ചിട്ടാണു താൻ വേഗം തലസ്ഥാനത്ത് എത്തിയതെന്ന വാർത്തകൾ നിഷേധിച്ചു.