കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കും. ‘ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.
രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗം വ്യാപനത്തോടെ വീണ്ടും അടച്ചു. ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തും. തീയതി പിന്നീടറിയിക്കും. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ തുടങ്ങും.