ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ”ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് “. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. പ്രതികളുടെ ഈ നീക്കം തടയാൻ പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈം ബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഡലോചനയ്ക്ക് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.