കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല; ‘സുധാകരനുമായി നല്ല ബന്ധം’; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ കെ സുധാകരനും നിഷേധിച്ചു. ചെന്നിത്തലയ്ക്കെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികളില്ലെന്നും വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വിശദീകരിച്ചു.എന്നാല്‍ നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്‍റെ പരാതി.