ലോകായുക്ത; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ലോകായുക്ത വിഷയത്തിൽ ഭരണഘടന അനുവദിക്കുന്ന നിരാകരണപ്രമേയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പും അഴിമതിയും നടത്തുന്നവർ ഭരണാധികാരികൾ ആയപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ലോകായുക്തയിൽ കണ്ടത് അതാണ്. അഴിമതി നിരോധന നിയമം കേരളത്തിൽ ഇല്ലാതായി. സിഎജിയുടെയും വിജിലൻസിന്റെയും ചിറകരിഞ്ഞതിന്റെ തുടർച്ചയാണിത്. കേസിൽനിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി സ്വയം നിയമനിർമാണം കൊണ്ടുവരികയാണ് ചെയ്തത്. ഇടതു ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകൾ നടത്താനാണിത്.

‘സർക്കാരിനെതിരെ ഗവർണർ പറഞ്ഞ കാര്യങ്ങൾ ഒരു മണിക്കൂറിനകം ആവിയായി പോയോ? വിദേശത്തുനിന്നു മുഖ്യമന്ത്രി വന്നപ്പോൾ പ്രവാസികൾക്കുള്ള ക്വാറന്റീനിൽ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഏത് അഴിമതിയും കേരളത്തിൽ നടത്താനുള്ള പൂർണമായ ലൈസൻസ് ആണ് സർക്കാർ കൊടുത്തിരിക്കുന്നത്. അതിനു ഗവർണർ കൂട്ടുനിൽക്കുകയാണ്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന സിപിഐയുടെ നിലപാട് ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.