ഹിജാബ് വിവാദം: ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. വിഷയത്തെ വലിയ തലത്തിലേക്ക് വളര്‍ത്തുന്നതിനെതിരെ സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്നും ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഹിജാബ് വിഷയത്തില്‍ കോടതിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിഭാഷകന്‍ വാദിച്ചതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.