സംസ്ഥാനത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. പ്രധാനമായി യോജിപ്പുള്ള സമൂഹം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഉത്തർപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമർശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നാണ് യോഗിയുടെ പരാമർശം. വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.