ബാബുവിനെ രക്ഷിച്ചു; കേരളത്തിന് ആശ്വാസ നിമിഷം

പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ച് മലമുകളിലെത്തിച്ചു. സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് കയറിലൂടെയാണ് ബാബുവിനെ മുകളിലെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കി ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് താഴേക്ക് ഇറക്കും. ശേഷം ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന.

45 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ബാബുവിനെ രക്ഷിച്ചത്. രാവിലെ 9.30 ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 40 മിനുട്ടോളം നീണ്ടുനിന്നു. ഒരാള്‍ക്ക് വേണ്ടി ഇത്രയും വലിയ രക്ഷാദൗത്യം നടത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്.

കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മലകയറിയത്. കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിച്ചത്. ബാബുവിന്റെ കൈയ്യില്‍ ഫോണുണ്ടായിരുന്നു. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്പോട്ട് ചെയ്യാന്‍ സാധിച്ചു.