ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‍ന സുരേഷിന് ഇഡി നോട്ടീസ്

സ്വർണകടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സ്വപ്നക്ക് നോട്ടീസയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്. മൊഴി കോടതിയിൽ ഹാജരാക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും എം.ശിവശങ്കരനാണ് ഇതിന് പിന്നിൽ എന്നുമാണ് സ്വപ്‌നയുടെ തുറന്ന് പറച്ചിൽ. പൊലീസ് ഉദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റെക്കോർഡ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദം ഉണ്ടായിട്ടുണ്ടെന്നായിരുന്നു എം.ശിവശങ്കരന്റെ ആത്മകഥയിൽ പറയുന്നത്. ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എം.ശിവശങ്കരനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.