നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാമെന്നും അറസ്റ്റ് അനിവാര്യമാണെങ്കില്‍ ആ സമയത്ത് നോക്കാമെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവില്‍ വ്യക്തമാക്കി. അന്വേഷണവുമായി ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് കോടതി ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിനൊപ്പം പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും ഉപാധിയില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിക്കും. സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.രാമന്‍പിള്ള പ്രതികരിച്ചു. വിധിയില്‍ നിരാശയോ സന്തോഷമോ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ജാമ്യാപേക്ഷ തള്ളുമെന്ന പ്രതീക്ഷയില്‍ ദിലീപിന്റെ വീടിനുമുന്നില്‍ രാവിലെ മുതല്‍ ക്യാമ്പ് ചെയ്യുകയായിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിധി വന്നതിന് പിന്നാലെ മടങ്ങി.