ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറു മക്കളിൽ മൂത്തയാളായി 1929 ൽ ഇൻഡോറിലായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ജനനം. ആദ്യത്തെ പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ സ്വദേശമായ ഗോവയുടെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തിയാണ് മങ്കേഷ്കർ എന്നുകൂടി പേരിനോട് ചേർന്നത്. 1942 ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥെ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ലത ആദ്യമായി ആലപിച്ചത്. എന്നാൽ ഈ ഗാനം സിനിമയിൽ നിന്ന് നീക്കപ്പെട്ടു . പിന്നീട് പാഹിലി മംഗള – ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ൽ ഗജാ ബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ദേ തു എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948 ലെ മജ്ബൂർ എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലത മങ്കേഷ്കറെ ഗായിക എന്ന നിലയിൽ ശ്രദ്ദേയയാക്കിയത്. 15 ഭാഷകളിലായി നാൽപതിനായിരത്തോളം സിനിമഗാനങ്ങൾ ലത ആലപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലതാ മങ്കേഷ്കറും ഉണ്ട്.
1999 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2001ൽ ഭാരതരത്നം ലഭിച്ചു .പത്മഭൂഷൺ, പത്മവിഭൂഷൺ ദാദാസാഹിബ് ഭാഗ്യ അവാർഡ്, ഭാരതരത്നം, മൂന്ന് നാഷണൽ ഫിലിം അവാർഡുകൾ, 12 ബംഗാളി ഫിലിം ജേർണലിസ്റ്റ് അവാർഡുകൾ തുടങ്ങി എണ്ണമില്ലാത്ത പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.