തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം; എം.എം.മണിയ്ക്ക് മറുപടിയുമായി എസ്.രാജേന്ദ്രന്‍

ജാതി അധിക്ഷേപത്തില്‍ സിപിഎം നേതാവ് എം.എം.മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ജാതി രാഷ്ട്രീയം കളിച്ചത് സിപിഎം ആണെന്നും എസ്.രാജേന്ദ്രന്‍.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാറിലടക്കം ജാതി പറഞ്ഞാണ് പാര്‍ട്ടി വോട്ട് പിടിച്ചത്. പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞ് വോട്ടു പിടിച്ചു. മുന്‍കാലങ്ങളില്‍ ഇതുകണ്ടിട്ടുള്ള കാര്യമല്ല. അത് ശരിയല്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും എസ്.രാജേന്ദ്രന്‍ വ്യക്തമാക്കി.
തനിക്കെതിരേയുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടിയും ചില നേതാക്കളും പറഞ്ഞ് നടക്കുന്നതെന്നും എസ്.രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.