രാജ്യത്ത് തുടർച്ചയായ 93-ാം ദിവസവും മെട്രോ നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമില്ല. 2017 ജൂണിൽ പ്രതിദിന നിരക്ക് പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. നേരത്തെ ദേശീയ ലോക്ക്ഡൗൺ നിലവിലിരുന്ന 2020 മാർച്ച് 17 നും 2020 ജൂൺ 6 നും ഇടയിൽ 82 ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെട്രോൾ, ഡീസൽ വില നിലവിലെ സ്ഥിതിയിൽ തുടരുകയാണ്. 2021 ഡിസംബറിൽ ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറഞ്ഞു.ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.