സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ല. പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണ്. സംസ്ഥാനത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് ഒരു വനിതാ പൊലീസുകാരിയെ ചുമതലപ്പെടുത്തി, സ്‌ക്രിപ്റ്റ് തയ്യാറാക്കി അത് പ്രതിയെ കൊണ്ട് വായിപ്പിക്കുകയാണ്. ഈ ഗൂഡാലോചനയെ കുറിപ്പ് അന്വേഷണം നടത്തണം. മൂടിവയ്ക്കപ്പെട്ട സത്യങ്ങളെല്ലാം ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതികള്‍ക്ക് രക്ഷപെടാനുളള വഴിയടക്കം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കണം’. വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.