ചന്നിയാകുമോ മുഖ്യമന്ത്രി സ്ഥാനാര്‍ഥി..? പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം ജനഹിതം തേടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് മുന്‍തൂക്കം. എന്നാല്‍ കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ അനധികൃത മണല്‍ക്കടത്ത് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ദുര്‍ബലനായ മുഖ്യമന്ത്രിയെയാണ് മേലെയുള്ളവര്‍ക്കാവശ്യം എന്നായിരുന്നു ഹൈക്കമാന്റിനെതിരെ സിദ്ദുവിന്റെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ ആദ്യം ചന്നിയെയും പിന്നീട് നവ്ജേത് സിംഗ് സിദ്ദുവിനെയും പരിഗണിക്കാനും സാധ്യതയുണ്ട്. ചന്നിയുടെ മരുമകന്റെ അറസ്റ്റോടെ അകാലിദളും ആം ആദ്മി പാര്‍ട്ടിയും ചന്നിയെ വ്യക്തിപരമായി കടന്നാക്രമിക്കാനും തുടങ്ങിയതോടെയാണ് പുതിയ ഫോര്‍മുലയെ കുറിച്ച് ആലോചിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത് അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പഞ്ചാബിലെത്തും.