കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രെയിനെന്ന് വി മുരളീധരൻ

സിൽവർ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് വി മുരളീധരൻ . പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ കെ എൻ ബാലഗോപാൽ ഫലത്തിൽ തള്ളിക്കളയുകയാണ്. ആരെ ബോധിപ്പിക്കാനാണ് സിൽവർ ലൈനിന്റെ പേരിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതെന്ന് വി മുരളീധരൻ ചോദിച്ചു. സർവേക്കല്ലുകൾ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയമുണ്ട്. ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രെയിനെന്ന് വി മുരളീധരൻ പറഞ്ഞു. വന്ദേ ഭാരത് ട്രൈയിൻ കേരളത്തിന് അനുവദിച്ച് കിട്ടാൻ ബി ജെ പി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.