നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയാക്കിയ ശേഷം പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷം ആവശ്യമെങ്കിൽ വാദിക്കാമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള വ്യക്തമാക്കിയത്. കേസ് നാളെ 1.45 ന് വീണ്ടും പരിഗണിക്കും. സിഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ വ്യക്തമാക്കി. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. എഫ്ഐആർ നിലനിൽക്കില്ലെന്നും ഈ അന്വേഷണ സംഘം കേസ് അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദം.