പലകാരണങ്ങളാല്‍ കടം വാങ്ങേണ്ടിയും കൊടുക്കേണ്ടിയും വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കടം വാങ്ങല്‍ പലപ്പോഴും ബന്ധങ്ങള്‍ ഇല്ലാതാക്കിയതും കൊലപാതകങ്ങളിലേക്ക് നയിച്ചതും വരെയുള്ള സംഭവങ്ങളാണ് നമ്മള്‍ കൂടുതലായി കേട്ടിട്ടുള്ളത്. എന്നാല്‍ നാലു പതിറ്റാണ്ട് മുന്‍പ് പ്രവാസകാലത്ത് തന്റെ പിതാവിന് കടം നല്‍കിയ വ്യക്തിയെ തേടി പത്രപരസ്യം നല്‍കിയിരിക്കുകയാണ് പെരുമാതുറ മാടന്‍വിള സ്വദേശിയായിരുന്നു അബ്ദുല്ലയുടെ മകന്‍ നാസര്‍.
1980 കളില്‍ ഗള്‍ഫിലെത്തിയ അബ്ദുല്ലയ്ക്ക് മുന്നില്‍ ദൈവത്തെ പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു കൊല്ലം സ്വദേശിയായ ലൂയിസ്. ഗള്‍ഫിലെത്തിയ അബ്ദുല്ല ഏറെ ഏറെ അലഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല . ഈ സമയത്തായിരുന്നു സാമ്പത്തികമായി ലൂയിസ് സഹായിച്ചത്. ഇന്നത്തെ 22000 രൂപ മൂല്യമുള്ള തുകയാണ് അന്ന് കടമായി നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജോലി അന്വേഷിച്ചിറങ്ങിയ അബ്ദുല്ലയ്ക്ക് ഒരു ക്വാറിയില്‍ ജോലി ലഭിക്കുകയും അദ്ദേഹം മാറിത്താമസിക്കുകയും ചെയ്തു. പിന്നീട് ലൂയിസുമായുള്ള ബന്ധം തുടരാനായില്ല.. നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുല്ല മക്കളോടു പറയുകയും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.അന്വേഷണം തുടര്‍ന്നെങ്കിലും ലൂയിസിനെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 23 ന് അബ്ദുല്ല ആഗ്രഹം ബാക്കിയാക്കി മടങ്ങി. അന്ത്യാഭിലാഷമായി മക്കളോട് പറഞ്ഞത് ഒറ്റക്കാര്യം എങ്ങനെയും ആ കടം വീട്ടണം .ലൂയിസിനെയോ സഹോദരന്‍ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് നാസര്‍. ഇവരെ അറിയുന്നവര്‍ 7736662120 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നാണ് അപേക്ഷ