ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനനിയന്ത്രണം

സംസ്ഥാനത്തു കൂടുതല്‍ ജില്ലകളില്‍ പ്രതിദിന കോവിഡ് ബാധ ഉയരുന്നു. തൃശൂരും കോട്ടയവും ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ധന പ്രകടമായപ്പോള്‍ തിരുവനന്തപുരത്ത് കുറയുന്നതായും സൂചനകള്‍. രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനനിയന്ത്രണം തുടങ്ങും. മൂന്നാംതരംഗത്തിന്റെ തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു രോഗവ്യാപനം അതിതീവ്രം. എന്നാല്‍ ഒരാഴ്ചയായി പ്രതിദിന രോഗബാധ പടിപടിയായി കുറയുകയാണ്. സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും കൂടിയ ജില്ലയായി എറണാകുളം തുടരുകയാണ്. തൃശൂര്‍, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും പ്രതിദിന രോഗബാധ ഉയരുന്ന സൂചനയാണ് കാണുന്നത്. ഫെബ്രൂവരി ആദ്യ ആഴ്ചയോടെ കൂടുതല്‍ ജില്ലകളില്‍ രോഗവ്യാപനം തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് പടരുന്നതിലേറെയും ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞ ഒമിക്രോണാണെന്ന് വ്യക്തമായതോടെ ക്വാറന്റീന്‍ നിശ്ചയിക്കുന്ന രീതി ആരോഗ്യവകുപ്പ് പുതുക്കി. ക്വാറന്റീന്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് മാത്രമാക്കി.