നടന് ദിലീപിനെതിരായ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ദിലീപിന്റെ സഹോദരന് അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാന്‍ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നല്‍കിയിരുന്നെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
ഇന്നലെ ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കളമശ്ശേരി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. എറണാകുളം സബ്ജയിലില്‍ എത്തിയാണ് ഇന്നലെ പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തല്‍.