ഗൂഡാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍

ഗൂഡാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍. ദിലീപ് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും നിര്‍ണായക തെളിവുകളായ ഫോണ്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് ഒപ്പമെന്നാണ് ഹൈക്കോടതി നിലപാട്. നാളെ രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു.

കേസ് പരിഗണിക്കുന്നതിനിടെ, അന്വേഷണ സംഘം ആവശ്യപ്പെട്ട ദിലീപിന്റെയടക്കം ഫോണുകള്‍ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി വിമര്‍ശിച്ചു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈല്‍ ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍ പൊലീസ് ചോദിച്ച ഫോണുകള്‍ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്നായിരുന്നു ദിലീപിന്റെ മറുപടി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.