ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

ലോകായുക്ത ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷം. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണ്. ഗവർണർക്ക് കത്ത് നൽകിയത് കൂടാതെ നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പ് വെക്കരുത് എന്ന് ഗവർണറോട് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവർണർ അറിയിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത്പക്ഷ സർക്കാർ തന്നെ കൊണ്ട് വന്ന നിയമം 22 വർഷങ്ങൾക്ക് ശേഷമാണ് ഭരണഘടന വിരുദ്ധം ആണെന്ന് പറയുന്നത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ജലീലിൻ്റെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോൾ വിരുദ്ധമെന്ന് പറയുന്നു, നിയമസഭാ നിയമം പാസാക്കിയാൽ ഭരണഘടന വിരുദ്ധം ആണെന്ന് പറയാൻ സർക്കാരിന് അധികാരം ഇല്ല. കോടതിയ്ക്ക് മാത്രമാണ് അധികാരമുള്ളത്. നിയമമന്ത്രിയുടെ വാദം സുപ്രീംകോടതി വിധിക്കെതിരെയാണ്. ഓർഡിനൻസ് ഇ കെ നായനാരെയും ഇ ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു.