സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത്; ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങും-മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്. അതേസമയം ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചര്‍ച്ചയും മന്ത്രിസഭാ യോഗത്തില്‍ നടന്നില്ല.