ലോകായുക്ത; വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്

ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നിലപാട് ഭരണഘടനയായോ ലോകായുക്ത നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല. 14,12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12 നെ മാത്രം പരാമര്‍ശിക്കുന്നതല്ല. പ്രതിപക്ഷനേതാവ് വിധി മുഴുവന്‍ വായിച്ചിരിക്കില്ലെന്നും പി രാജീവ് പറഞ്ഞു. ലോകായുക്ത അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.