തളിപ്പറമ്പില്‍ പോക്‌സോ കേസിനിരയായ 19 കാരി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ തളിപ്പറമ്പില്‍ കുറ്റേരി വില്ലേജിലെ പോക്‌സോ കേസിനിരയായ 19 കാരി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. 3 വര്‍ഷം മുന്‍പാണ് കുട്ടി പീഡനത്തിന് ഇരയായത്. പ്രതിയായ പാലക്കാട് സ്വദേശി രാഹുല്‍ കൃഷ്ണ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഗ്‌ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്‌മെയില്‍ ചെയ്തായിരുന്നു പീഡനം.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായി കൊണ്ടുപോയിരിക്കുകയാണ്.